എല്ലാ ആത്മാവും രുചിക്കതെ പോകാത്ത കാര്യത്തെ കുറിച്ചുള്ള വേപഥു കൊള്ളുന്ന ചിന്ത മാത്രം ധാരാളം മതിയാകുമത്രെ;ദുരഭിമാനിയായ മനുഷ്യന്‍ സംസ്‌കരിക്കപ്പെടാന്‍.ദൈവം അനുഗ്രഹിക്കുമാറാകട്ടെ."...

Saturday, August 26, 2023

ഹാജി വിടവാങ്ങിയിട്ട്‌ അഞ്ചാണ്ട്

ചാവക്കാട്‌:ഹാജി കുഞ്ഞുമോന്‍ ഇമ്പാറക് വിടപറഞ്ഞിട്ട്‌ അഞ്ച് വര്‍‌ഷം പൂര്‍‌ത്തിയാകുന്നു.

2018 ആഗസ്റ്റ് 26 ഒരു ഞായറാഴ്‌ച പുലര്‍‌ച്ചയ്‌ക്കായിരുന്നു  ചാവക്കാട്ടുകാരുടെ പ്രിയങ്കരനായ  കാരണവരുടെ വിയോഗം.ചരിത്ര പ്രസിദ്ധമായ മണത്തല ജുമാ‌അത്ത് ഖബര്‍‌സ്ഥാനിലാണ്‌ ഈ പൗര പ്രമുഖന്‍ അന്ത്യ വിശ്രമം കൊള്ളുന്നത്.

ഹാജിയുടെ കുടുംബ ച്രിരിത്രവും ചരിത്രത്താളുകളില്‍ കാണാം.പതിനാല്‌ പതിനഞ്ച്‌ നൂറ്റാണ്ടുകളില്‍ ഉത്തര കേരള തീരത്തേയ്‌ക്ക്‌ പഴയകാല പത്തേമാരികളിലെത്തി മലഞ്ചരക്ക്‌ വ്യാപാര മേഖലയില്‍ വ്യാപൃതരായിരുന്ന അറേബ്യന്‍ വ്യാപാരികളുമായി സജീവമായി രംഗത്തുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു ഹുസ്സന്‍ മരക്കാര്‍.തുടര്‍‌ന്നുള്ള പരമ്പരയില്‍ ബീരാവു മരക്കാറും പിതാ മഹാന്മാരുടെ സരണിയില്‍ തന്നെ തുടര്‍‌ന്നു.പതിനാറ്‌ പതിനേഴ്‌ നൂറ്റാണ്ടുകളില്‍ ഇവരുടെ പിന്മുറക്കാരായ ഉസ്സാംബി വീരാന്‍ എന്ന്‌ വിളിക്കപ്പെട്ടിരുന്ന ഹുസ്സൈന്‍ ബീരാവു,ഇബ്രാഹീം തുടങ്ങിയവരുടെ പരമ്പര പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും പത്തൊമ്പതിന്റെ തുടക്കത്തിലും മേഖലയില്‍ പ്രസിദ്ധരായിരുന്നു.

ബ്രിട്ടീഷ്‌ രാജുമായി സഹകരിച്ചു പോന്നിരുന്ന ഇബ്രാഹീമിന്‌ ബ്രിട്ടീഷ്‌ രാജ്‌ പ്രതിനിധിയും ജില്ലാ ഭരണ സാരഥിയുമായ തുക്കുടി സാഹിബില്‍ നിന്നും പുരസ്‌കാരങ്ങളും പാരിതോഷികങ്ങളും ലഭിച്ചിട്ടുണ്ട്‌.പ്രദേശത്തെ പൗര പ്രമുഖനായ ഇബ്രാഹീം ക്രമേണ ഇമ്പാര്‍‌ക്ക്‌ എന്ന പേരിലാണ്‌ വിളിക്കപ്പെട്ടിരുന്നത്.ഇബ്രാഹീം അഥവാ ഇമ്പാര്‍‌ക്കിന്റെ മകനാണ്‌ ബാപ്പുട്ടി സാഹിബ്‌.പിന്നീട്‌ ബാപ്പുട്ടി സാഹിബിന്റെ പിതാവിന്റെ പേര്‍ ആദ്യം ചേര്‍‌ത്തു കൊണ്ട്‌ ഇമ്പാര്‍‌ക്ക്‌ ബാപ്പുട്ടി എന്ന്‌ വിളിക്കപ്പെട്ടു കൊണ്ടിരുന്നു.ബാപ്പുട്ടി സാഹിബിന്റെ മക്കളും ഇതേ രൂപത്തില്‍ പിതാമഹന്റെ പേര്‍ ആദ്യം ചേര്‍‌ത്തു കൊണ്ട്‌ വിളിക്കപ്പെടാന്‍ തുടങ്ങി.അങ്ങിനെയാണ്‌ ആദരണീയനായ കുഞ്ഞുമോന്‍ ഹാജി,ഇമ്പാര്‍‌ക്ക്‌ കുഞ്ഞുമോന്‍ എന്നു വിളിക്കപ്പെട്ടു പോന്നിരുന്നത്.

ചാവക്കാട്ടെ  സാമുഹ്യ, സാം‌സ്‌കാരിക രംഗത്ത് ദീർഘകാലം സജീവമായി പ്രവർത്തിക്കുകയും നിരവധിയാളുകളുമായി വ്യക്തി, സൗഹ്രദ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയ്‌തിരുന്ന വ്യക്തിത്തമാണ്‌ കുഞ്ഞിമോൻ ഹാജി.ചാവക്കാട്ടുകാർക്ക്  നഷ്ടപ്പെട്ടത്  നാടിന്റെ  സമ്പൂർണ്ണ ചരിത്രവും അതിന്റെ നാൾവഴികളും അറിയുന്ന വിജ്ഞാനിയെയാണ്‌.എന്ന വിലയിരുത്തല്‍ അക്ഷരാര്‍‌ഥത്തില്‍ ശരിയായിരുന്നു.

ബ്രിട്ടീഷ് ചരിത്ര കാലത്ത് തന്നെ താലൂക്ക് ആസ്ഥാനമായി മാറുന്നതിന് മുമ്പ്‌ ചാവക്കാട് കോടതികളും പോലീസും ഉണ്ടായിരുന്നെങ്കിലും ജനങ്ങളുടെ വിവിധ പ്രശ്നങ്ങളിൽ നീതിബോധത്തോടെ മധ്യസ്ഥനും മജിസ്‌ട്രേറ്റിനും തുല്യമായും പ്രവർത്തിച്ചിരുന്ന ഒരു നാട്ടു മൂപ്പന്റെ മൂത്ത പുത്രന്‍. 

കൊമ്പന്‍ മീശക്കാരനായ ഇമ്പാറക് ബാപ്പുട്ടി എന്ന കുപ്പായം ധരിക്കാത്ത ആഢ്യന്റെ മകന്‍. മേൽമുണ്ട് മാത്രം തോളിലിട്ട് അരയിൽ ആയുധവും തിരുകി വീര ശൂര ഭാവത്തിലുള്ള നാടുവാഴിയുടെ  പിന്‍‌ഗാമി.മഹിതമായ പാരമ്പര്യവും പ്രമാണിത്തവും ഒത്തിണങ്ങിയ നായകന്മാരായ പിതാ മഹാന്മാരുടെ  തിളക്കമാര്‍‌ന്ന കണ്ണിയിലെ  അരോഗ ദൃഡ ഗാത്രനായ  പുത്രന്‍ ഹാജി കുഞ്ഞുമോന്‍ ബാപ്പുട്ടി ഇമ്പാറക്‌.പിന്നീട് കൃഷിയിലും പൊതുപ്രവർത്തന മേഖലയിലും മുഴുകിയിരുന്ന അദ്ദേഹം ഒഴിവ് സമയങ്ങളിൽ അയോധന മുറകളുടെ പരിശീലനത്തിനും ശീക്ഷണത്തിനും നീക്കിവെച്ചിരുന്നു.
അഭ്യാസമുറകളിലും മർമ്മപ്രയോഗങ്ങളിലും പ്രഗത്ഭനായിരുന്നു.ദൂര ദേശങ്ങളിൽ നിന്നുള്ള പ്രഗത്ഭരും പ്രസിദ്ധരുമായ അഭ്യാസികളുമായും അയോധന മുറകളുടെ വിവിധ വശങ്ങള്‍ പരസ്‌പരം ചര്‍‌‌ച്ച ചെയ്യുകയും അവസരോചിതം വേദികള്‍ പങ്കിടുകയും ചെയ്യുമായിരുന്നു.
സ്വത സിദ്ധമായ ചിരിയുടെ അകമ്പടിയോടെ ഹാജി  വിട്ടേച്ചു പോയ ഓർമ്മകളുടെ ഹൃദയഹാരിയായ പീലിത്തണ്ടുകള്‍ തൊട്ടു തലോടി സമാശ്വസിക്കാന്‍ ശ്രമിക്കാമെന്ന അനുശോചന സന്ദേശങ്ങളായിരിക്കണം ഹാജിയുടെ മക്കള്‍‌ക്കും ബന്ധുക്കള്‍‌ക്കും ആശ്വസിക്കാനാകുന്ന ഘടകം.

ഒരു മാധ്യമ പ്രവര്‍‌ത്തകന്റെ വിശദീകരണം സാന്ദര്‍‌ഭികമായി ഓര്‍‌ത്തു പോകുന്നു.ആത്മീയമായും രാഷ്ട്രീയമായും ബന്ധപ്പെട്ട നേതാക്കളുമായി നിറഞ്ഞ ബന്ധമുള്ള ഇമ്പാര്‍‌ക്ക്‌ തറവാടിന്‌ പടിവാതിലുകളില്ല.മേഖലയില്‍ ഏറ്റവും തിരക്കുള്ള ചാവക്കാട് കുന്നംകുളം ഗുരുവായൂര്‍ റോഡിനോട് ചേര്‍ന്ന പുരയിടത്തിന് കന്മതിലും ഘന ഗം‌ഭീര വാതിലുകളും ഇല്ലെന്ന കാര്യം അധികപേരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.പ്രശ്‌ന പരിഹാര കേന്ദ്രം.ആര്‍ക്കും എപ്പോഴും കയറി ചെല്ലാവുന്ന ഭവനം.

മുന്‍ കാല ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റിയുടെ ട്രഷറര്‍ സ്ഥാനമൊക്കെ അലങ്കരിച്ചിരുന്നുവെങ്കിലും പിന്നീട്‌ പ്രത്യേകിച്ചൊരു രാഷ്ട്രീയ പാര്‍ട്ടിയിലും സജീവമായിരുന്നില്ല.അതിനാല്‍ ഏതു കക്ഷി പക്ഷ  രാഷ്‌ട്രീയക്കാരോടുമുള്ള വിമര്‍‌ശനങ്ങള്‍ ആക്ഷേപ ഹാസ്യത്തിലൂടെ തന്നെ വിശദീകരിക്കാന്‍ അദ്ദേഹത്തിനു നിഷ്‌പ്രയാസം സാധിക്കുമായിരുന്നു.

നാട്ടറിവുകളുടെ ഭണ്ഡാരമായിരുന്നു അദ്ദേഹം. ചരിത്രമായാലും ഭൂമി ശാസ്ത്രമായലും മൃഗ, പക്ഷി ശാസത്രമായാലും വിഷയങ്ങളില്‍ അദ്ദേഹത്തിന് അഗാധമായ അറിവുണ്ടായിരുന്നു. ദീര്‍ഘകാലമായി വാര്‍ദ്ധക്ക്യ സംബന്ധമായ അസുഖങ്ങളാല്‍ വീട്ടില്‍ തന്നെ വിശ്രമത്തിലായിരുന്നതിനാല്‍ വെള്ളിയാഴ്ച്ചകളിലൊഴികെ പുറത്തു പോകാത്ത അദ്ദേഹത്തെ പുതിയ തലമുറക്ക് അധികം അറിയില്ല.എന്നാല്‍ ചാവക്കാടിനെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രത്തിലെ സജീവമായ ഒരു കണ്ണിയാണ് കുഞ്ഞിമോന്‍ സാഹിബിന്റെ വേര്‍പാടോടെ പൊട്ടിപ്പോയത്.

2018 ലെ ഒരു ഞായറാഴ്‌ചയില്‍ നിന്നും 2023 ലെ ഒരു ശനിയാഴ്‌‌ച ദുരം കൊണ്ട്‌ മാസ്‌മരികമായ 5 ആണ്ട്‌ തികച്ചിരിക്കുകയാണ്‌ ഹാജി.അതെ, പ്രിയപ്പെട്ടവരെയൊക്കെ അനാഥമാക്കി കടന്നു പോയ സ്‌നേഹാദരണീയനായ തറവാട്ട്‌ കാരണവര്‍‌ക്ക്‌ പ്രാര്‍‌ഥനയോടെ ഇമ്പാര്‍ക്ക്‌ കുടും‌ബം.
Share:

ഓര്‍‌മ്മയിലെ ഹാജി

വളരെ വർഷങ്ങൾക്കു മുമ്പ് ചാവക്കാടിന്റെ ചരിത്രം തേടിയുള്ള യാത്രയിലാണ് ഞാൻ ഇമ്പാർക്ക് കുഞ്ഞുമോൻ ഹാജിയെ പരിചയപ്പെടുന്നത്.പിന്നീട് അദ്ദേഹത്തിന്റെ വീട്ടിൽ നിത്യ സന്ദർശകനായി.എനിക്ക് ആവശ്യമുള്ള വിവരങ്ങൾ എല്ലാം അദ്ദേഹം മരിക്കും വരെ പകർന്നു നൽകി.ആ അറിവുകൾ വളരെ വിലപ്പെട്ടതായിരുന്നു.ഇന്ന് ചാവക്കാടിന്റെ ചരിത്രങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകാനുള്ള അറിവ് എനിക്കായി പകർന്നു തന്നത് കുഞ്ഞുമോൻ ഹാജിയായിരുന്നു. 

ഹാസ്യ രൂപേനെയും ഗൗരവത്തോടെയും ദേഷ്യത്തോടെയും പകർന്നു നൽകിയ അറിവുകൾ എക്കാലത്തും, അദ്ദേഹത്തിൻറെ കാലശേഷവും എന്നിലൂടെയും മറ്റ് പലരിലൂടെയും നിലനിൽക്കുമെന്ന് കരുതുന്നു.കളരി അഭ്യാസത്തെ പറ്റിയും അതിൻറെ മുറകളെ പറ്റിയും അദ്ദേഹത്തിൻറെ ജ്ഞാനം വന്നേരി നാട് എന്ന ഗ്രന്ഥത്തിൽ നിരവധി പേജുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇമ്പാർക്ക് കുഞ്ഞിമോൻ ഹാജി  ചാവക്കാടിന്റെ ചരിത്രവും നാൾവഴിയും അറിയുന്ന വിജ്ഞാനി വിടപറഞ്ഞിട്ട് അഞ്ചു വർഷം പിന്നിടുന്നു. 

ചാവക്കാട് ഇമ്പാർക്ക് കുഞ്ഞിമോൻ ഹാജി എന്ന ഹാജി കുഞ്ഞി മുഹമ്മദ് സാഹിബിലൂടെ ചാവക്കാടിന് നഷ്ടമായത് നാടിന്റെ സമ്പൂർണ്ണ  ചരിത്രവും അതിന്റെ നാൾവഴികളും അറിയുന്ന വിജ്ഞാനിയെയാണ്.രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്ത് സജീവമായിരുന്ന നാളുകളിൽ ചാവക്കാട് മേഖലയിൽ നിറഞ്ഞു നിന്ന സാന്നിധ്യമായി രുന്നു ഇമ്പാർക്ക്  ഹാജി കുഞ്ഞി മുഹമ്മദ് സാഹിബ്. 

വലിയ കൊമ്പൻ മീശയും മാച്ച്ലസ്സ് ലണ്ടൻ മോട്ടോർ സൈക്കിളുമായി പ്രത്യക്ഷപ്പെടുന്ന ആജാനുബാഹു ആയ അദ്ദേഹത്തിന്റെ സാന്നിധ്യം ചാവക്കാട്ടെ ജനങ്ങള്ക്ക് വളരെയേറെ പ്രത്യേകതയുണ്ടാക്കിയിരുന്നു.

ബ്രിട്ടീഷ് ഭരണ കാലത്ത്, ചാവക്കാട് താലൂക്ക് ആസ്ഥാനമായി മാറുന്നതിനു മുമ്പേ ഒരു വിളിപ്പാടകലെ ചാവക്കാട്ട് കോടിതികളുണ്ടായിരുന്നുവെങ്കിലും നാട്ടുകാരുടെ പ്രശ്നങ്ങളിൽ നീതി ബോധത്തോടെ  കാര്യങ്ങൾ കണ്ടിരുന്ന മധ്യസ്ഥനും മജിസ്ട്രേറ്റിന് തുല്യമായ പ്രവർത്തനങ്ങളും നടത്തിവന്നിരുന്ന ആളാണ് ഹാജി കുഞ്ഞി മുഹമ്മത് സാഹിബിൻ്റെ പിതാവ് ഇമ്പാർക്ക് ബാപ്പുട്ടി.  

പിൽക്കാലത്ത് അദ്ദേഹത്തിന്റെ പുത്രൻ ഇമ്പാർക്ക്  കുഞ്ഞിമോൻ ഹാജി പിതാവിന്റെ  പിൻഗാമിയായി. ചാവക്കാട് ദേശത്തെ നാട്ട് കാരണവരായി. ആളും അർത്ഥവും ന്യായമായ വിധിയും തേടി വരുന്നവർക്ക് ഒരു അത്താണിയായിരുന്നു അദ്ദേഹം.നാടും നഗരവും മാത്രമല്ല അയൽ നാട്ടുകാരും  അദ്ദേഹത്തെ തേടി എത്തിയിരുന്നു. അത് ചാവക്കാട് ആശുപ്രതി റോഡിനു സമീപത്തെ വീട്ടിലായിരുന്നു.പിതാവിന്റെ കൊമ്പൻ മീശയെ അതേ പോലെ അനുകരിച്ചു കൊണ്ടാണ് പുത്രൻ കുഞ്ഞി മുഹമ്മദു ഹാജിയും അനന്തരാവകാശിയായത്.

രാഷ്‌ടീയ നേതാക്കളും, മന്ത്രിമാരും, പോലീസ് മേധാവികളും, വിവിധ മേഖലയിലുള്ള പൊതു പ്രവർത്തകരുമായും അഗാധ ബന്ധമുണ്ടായിരുന്നു. ഇവരിൽ പലരും വീട്ടിലെ നിത്യ സന്ദർശകരായിരുന്നു. 

ചാവക്കാട് മേഖലയിൽ ഏറ്റവും തിരക്കുള്ള ചാവക്കാട് കുന്നംകുളം ഗുരുവായൂർ റോഡിനോട് ചേർന്നാണ് പുരയിടം.ഹാജി കുഞ്ഞി മുഹമ്മദിൻ്റെ വീടിനു പടിപ്പുരയോ അടച്ചിട്ട വാതിലുകളോ ഇല്ല.വരാന്തയിൽ തൂങ്ങി കിടക്കുന്ന ഒരു കയറിൽ പിടിച്ചു വലിച്ചാൽ ഒരു വലിയ പിച്ചള മണിയുണ്ട് അത് ശബ്ദ മുണ്ടാക്കിയാൽ ആൾ മുന്നിലുണ്ടാവും.പ്രശ്നങ്ങൾ പറയുവാനും പരിഹരിക്കാനും ആർക്കും എപ്പോഴും ഏതു സമയത്തും കയറിചെല്ലാം.

ഒരു കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ഇദ്ദേഹം ഏറെ ഭൂസ്വത്തിന് ഉടമയായിരുന്നു.മുൻകാല കോൺഗ്രസ്സിലും ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയിലും. മുസ്ലിം സർവീസ് സോസൈറ്റി ജില്ലാ കമ്മിറ്റിയിലും, ചാവക്കാട് ഫർക്ക ടാക്സി തൊഴിലാളി യൂണിയൻ പ്രസിഡൻഡായും, പള്ളി കമ്മിറ്റികളിലും, പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമം ദിനപത്രത്തിൻ്റെ സജീവ പ്രവർത്തകനുമായിരുന്നു. അവസാന കാലഘട്ടങ്ങളിൽ പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെയെല്ലാം തെറ്റുകളും കുറ്റങ്ങളും  ആക്ഷേപ ഹാസ്യത്തിലൂടെ തന്നെ വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 

നാട്ടറിവുകളുടെ ഭണ്ഡാരമായിരുന്നു അദ്ദേഹം. ചരിത്രമായാലും ഭൂമിശാസ്ത്രമായലും പക്ഷിമൃഗാദികളുടെ ശാസത്രമായാലും മറ്റെല്ലാ വിഷയങ്ങളിലും അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമേ തികഞ്ഞ കളരി  അഭ്യാസിയുമായിരുന്നു അദ്ദേഹം. സിലോണിൽ നിന്നും കളരി അഭ്യാസത്തിലെ പ്രത്യേക മുറകളെല്ലാം പഠിച്ചു വന്ന സിലോൺ മുഹമ്മദ് എന്നയാളിൽ നിന്നും കളരി അഭ്യാസങ്ങൾ പഠിച്ചു കുടുംബത്തിലുള്ളവർക്കും സുഹൃത്തുക്കൾക്കും പകർന്നു നൽകി. കളരി അഭ്യാസത്തിന് പുറമേ മർമ്മ ചികിത്സയും അറിയാമായിരുന്നു.

ആദ്യ കാല മോട്ടോർ വാഹന ശേഖരങ്ങളുടെ ഉടമ ആയിരുന്നു അദ്ദേഹം. ഡോഡ്ജ്, ചാവർലെറ്റ്, ഓസ്റ്റീൻ, ഹിൽമൻ, ഹിന്ദുസ്ഥാൻ, ലാൻഡ് മാസ്റ്റർ, അമ്പാസഡർ സൈഡ് വാൽവ്, ഒ.എഛ്.വി, ഫിയറ്റ്, ജീപ്പ് തുടങ്ങിയവയും, ബി. എസ്.എ, നോർട്ടൻ, ട്രാമ്പ്, ബി.എം.ഡബ്ല്യൂ, മാച്ച്ലസ്സ് തുടങ്ങിയ ബൈക്ക്കളും അദ്ദേഹം ഉപയോഗിച്ചിരുന്നു. 

ചാവക്കാടിനെ സംബന്ധിച്ചിടത്തോളം അറിവിൻ്റെ എൻസൈക്ലോപീഡിയ ആയിരുന്നു അദ്ദേഹം. ചാവക്കാടിന്റെ ചരിത്രം തേടുന്നവർക്ക്  ഇമ്പാർക്ക് കുഞ്ഞുമോൻ ഹാജിയുടെ വേർപാട് ഒരു തീരാ നഷ്ടമായി അവശേഷിക്കുന്നു. അദ്ദേഹം വിട പറഞ്ഞെങ്കിലും ഞാനും അദ്ദേഹത്തിൻറെ മക്കളുമായുള്ള സൗഹൃദം ഇന്നും ദൃഢതയോടെ മുന്നോട്ട് പോകുന്നു. 

ഷംസുദ്ദീൻ പുതിയവീട്ടിൽ 

26/08/2023

Share:

Monday, June 17, 2019

ഞങ്ങളുടെ മുത്തയാത്ത

ഈയിടെ വിടപറഞ്ഞ മുത്തു ബീവി ഇമ്പാറകിനെ അഥവാ മുബാറകിന്റെ പ്രിയപ്പെട്ട മുത്തയാത്തയെ മുബാറക് ഇമ്പാറക്‌ ഓര്‍‌ത്തെടുക്കുന്നു.
----------------------:-
പിതാവിന്റെ ഇളയ സഹോദരി മുത്തു ബീവി.ഞങ്ങളുടെ പ്രിയപ്പെട്ട അമ്മായി മുത്തയാത്ത. എന്നെക്കാള്‍ അഞ്ചോ ആറോ വയസ്സ്‌ അധികമുണ്ടായിരിയ്‌ക്കും.

ബാല്യകാലത്ത്‌ സ്‌കൂളിലും മദ്രസ്സയിലും ഞങ്ങളുടെ അം‌ഗരക്ഷക.കുസൃതിയില്‍ തരിമ്പും കുറവില്ലാത്ത ഞങ്ങളെ പരിപാലിക്കാനും പരിചരിക്കാനും അത്ര എളുപ്പമൊന്നും അല്ലായിരുന്നു.അവരെ ശുണ്ഠി പിടിപ്പിക്കാന്‍ മാത്രമായി ചെയ്യുന്ന പലവേലകളും പാവം മുത്തയാത്തയെ കരയിപ്പിക്കാന്‍ പോലും കാരണമാകാറുണ്ട്‌.അവര്‍ മണ്‍‌മറഞ്ഞിരിക്കുന്നു.പൂത്തുലഞ്ഞ ആപൂമരം ഓര്‍‌മ്മയായിരിക്കുന്നു.ഇല പൊഴിഞ്ഞ പൂമരത്തില്‍ മുത്തു മണിപോലെ തൂങ്ങി നില്‍‌ക്കുന്ന മഞ്ഞു കണം പോലെ.സ്‌നേഹ നിധിയായ മുത്തയാത്ത.

തീരെ സഹികെടുമ്പോള്‍ വടിയെടുത്ത് ഭീഷണിപ്പെടുത്തി ഓടി വരുന്നതും സമര്‍‌ഥമായി ഞങ്ങള്‍ കുസൃതികള്‍ രക്ഷപ്പെടുന്നതും ഇന്നലെ കഴിഞ്ഞ ചിത്രം പോലെ മനസ്സില്‍ തിങ്ങി വിങ്ങി നില്‍‌ക്കുന്നു.ഇനി മരിക്കാത്ത ഓര്‍‌മ്മകള്‍ മാത്രം ബാക്കി.അവരുടെ വേർപാട് നെഞ്ചിനകത്ത്‌ വിവരണാതീതമായ വേവും നോവുമായി എരിഞ്ഞു കൊണ്ടിരിക്കുന്നു.പ്രതേകിച്ച്‌ പ്രവാസ ജീവിതത്തിന്റെ ഏകാന്തതയെ വല്ലാതെ കൂടുതല്‍ മൂകമാക്കുന്നു.

യാത്രയില്‍ വാഹനത്തില്‍ ഇരുന്നു ഈ കുറിപ്പെഴുതുമ്പോൾ ചാലിട്ടൊഴുകുന്ന കണ്ണീര്‍ കറുത്ത കണ്ണടയുടെ മറവില്‍ ഒലിച്ചുണങ്ങുന്നു.ജീവിത യാത്രയില്‍ കൂടുതൽ സ്‌നേഹിക്കുന്നവർ വിടപറഞ്ഞു പോകുമ്പോൾ അതിനൊന്നും പകരക്കാരെ കണ്ടെത്തുവാൻ കഴിയുന്നില്ല.നമുക്ക്‌ ചുറ്റും ദിനേന ഓരോരുത്തരും അണിയറയിലേയ്‌ക്ക്‌ മണ്ണറയിലേയ്‌ക്ക്‌ കൂടുമാറിക്കൊണ്ടിരിക്കുന്നു.ഒരു ദിവസം നമ്മുടെ ഊഴവും വന്നണയുക തന്നെ ചെയ്യും.ഈ സത്യത്തെ അം‌ഗീകരിക്കുകയും ഒരുങ്ങുകയും എന്നതായിരിക്കണം ബുദ്ധിയുള്ളവര്‍‌ക്ക്‌ കരണീയം.സര്‍‌വ്വലോക പരിപാലകനായ നാഥന്‍ നാളെ അവരേയും നമ്മെ ഏവരേയും സ്വര്‍‌ഗ്ഗ പൂങ്കാവനത്തില്‍ ഒരുമിച്ച്‌ കൂട്ടുമാറാകട്ടെ.. ആമീന്‍..

പ്രാർത്ഥനയോടെ 
മുബാറക്‌ ഇമ്പാറക്
Share:

Thursday, June 13, 2019

മുത്തു ബീവി നിര്യാതയായി

ചാവക്കാട് പാലയൂർ : മുത്തു ബീവി ഇമ്പാറക്‌ (65) നിര്യാതയായി.പരേതനായ ബ്രോഡ്‌വെ ഹംസഹാജി യുടെ ഭാര്യയും ഇമ്പാറക് ബാപ്പുട്ടി യുടെ 8 മക്കളിൽ ഇളയ മകളുമാണ്‌ മുത്തു ബീവി.
രോഗ ശയ്യയിലായിരുന്നു.

ഇക്കഴിഞ്ഞ മാര്‍‌ച്ച്‌ അവസാനമായിരുന്നു മുത്തു ബീവിയുടെ ഭര്‍‌ത്താവ്‌ ഹം‌സ ഹാജി ബ്രോഡ്‌വെ മരണമടഞ്ഞത്‌.

മക്കൾ:ഷാഹിൻഷാ നമ്മൾ ചാവക്കാട്ട് കാർ ആഗോള സൗഹൃദ കൂട്ട് അംഗം (അജ്‌മാൻ),നാദിർഷാ (അജ്‌മാൻ), ഷഹീന,ഷഹീബ.മരുമക്കൾ:സീന,ഫാരിഷ,സിദ്ദി മോൻ,സിജി.

ഖബറടക്കം: ജൂണ്‍ 14 വെള്ളിയാഴ്‌ച കാലത്ത് 10:30ന് അങ്ങാടിത്താഴം ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.
Share:

Sunday, March 24, 2019

ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം

പി.വി ഹംസ ഹാജിയുടെ (ബ്രോഡ്‌വെ) വേർപാട് മൂലം, കൺസോൾ ചാരിറ്റബിൽ ട്രസ്റ്റിനുണ്ടായ നഷ്ടം നികത്താൻ കഴിയാത്തതാണന്ന് മനസ്സിലാക്കുന്നു.ഹംസ ഹാജിയുടെ വേർപാടിൽ,സെട്രല്‍ കമ്മറ്റിയോട് ചേർന്ന് വിശിഷ്യാ അബൂദാബി ചാപ്റ്ററിന് വേണ്ടിയും,വ്യക്തിപരമായും അഘാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തുന്നു. 

അദ്ദേഹത്തോടൊപ്പം ഈ മേഖലയില്‍ പ്രവർത്തിക്കാൻ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല.എങ്കിലും ദീര്‍‌ഘ കാലം കൺസോളിന്റെ ക്രിയാത്മകമായ പ്രവര്‍‌ത്തന മികവിന്‌ വേണ്ടി മറ്റ് ട്രസ്റ്റികളോടൊപ്പം സഹകരിച്ച്‌ സേവന നിരതനായിരുന്നു.മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ അദ്ദേഹം വഹിച്ച നേതൃപരമായ വിവിധ പദവികള്‍ അദ്ദേഹത്തിന്റെ പ്രവർത്തന ചാതുര്യത്തെ വിളിച്ചറിയിക്കുന്നതാണ്.

കൺസോൾ ഉൾപ്പെടെ അദ്ദേഹം പ്രവർത്തിച്ച എല്ലാ മേഖലകളിലും,ഹംസ ഹാജിയുടെ ഒരു കയ്യൊപ്പ്‌ ചാർത്തപ്പെട്ടിട്ടുണ്ട്‌.ഹംസ ഹാജിയുടെ എല്ലാ സദ്‌ കര്‍‌മ്മങ്ങളുടേയും പ്രതിഫലം, അദ്ദേഹത്തിനും,കുടുംബത്തിനും നല്‍‌കി പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. 

എം.എ മൊയ്ദീൻഷ.
അബൂദാബി.
Share:

പി.വി.ഹംസ മരണപ്പെട്ടു

ചാവക്കാട്: പാലയൂർ പി.വി.ഹംസ ബ്രോഡ്‌വേ (70) മരണപ്പെട്ടു.കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക ട്രസ്റ്റി - വൈസ്‌ പ്രസിഡന്റ്‌ , മുൻ ചാവക്കാട് ജുമാഅത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റ്,  കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ്സ് ജില്ല ഭാരവാഹി,കൂടാതെ മുൻ കോൺഗ്രസ്‌ മണ്ഡലം - ബ്ലോക്ക്‌ കമ്മിറ്റി കളുടെ നേതൃ നിരകളിലും പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിത്വമായിരുന്നു പരേതൻ.

ഭാര്യ:-പരേതനായ ഇമ്പാർക്ക് ബാപ്പുട്ടിയുടെ മകൾ മുത്തുബീവി.മക്കൾ:-ഷഹിൻഷാ,നാദിർഷാ,ഷഹീന,ഷഹീബ.മരുമക്കൾ:-സീന,ഫാരിഷ,സിദ്ധീഖ്,സിജി.ഖബറടക്കം: നാളെ (25.03.19) കാലത്ത് 11 മണിക്ക് ചാവക്കാട് ജുമാഅത്ത് മഹല്ല് ഖബര്‍‌സ്ഥാനില്‍ നടക്കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.
Share:

Sunday, October 14, 2018

ഹാജിയെ ഓർക്കുമ്പോൾ..

ഇമ്പാർക്ക് കുഞ്ഞിമോൻ ഹാജിയെ ഓർക്കുമ്പോൾ.
ബോസ്‌ കുഞ്ചേരി

ഞാൻ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ബഹു ഇമ്പാറക്ക് കുഞ്ഞിമോൻ ഹാജിയെ ആദ്യമായി കാണുന്നത്. ചാവക്കാട് നിന്നും കുന്ദംകുളത്തേക്കുള്ള ബസ്സ് യാത്രയിൽ അദ്ദേഹത്തിന്റ വീട്ടുപടിക്കൽ ബസ്സ്നിർത്തുമ്പോൾ എന്നും മോട്ടോർസൈക്കിൾ തുടക്കുന്ന വലിയ മീശക്കാരനായ മനുഷ്യനെ.

അക്കാലത്താണ് ഞാൻ സഖാവ് ചെഗുവേരയുടെ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങുന്നതും, ആ പുസ്തകങ്ങളിൽ  ക്യുബൻ വിപ്ലവകാരികളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു, ആ സഖാക്കളുടെ ശരീരഘടനയും മുഖത്തെ ഗൗരവവും കുഞ്ഞിമോൻ ഹാജിക്കുമുണ്ടായിരുന്നു,  മാത്രമല്ല അകാലത്ത്  ഞങ്ങൾക്ക് ക്ലാസ്സെടുത്തിരുന്ന ശ്യാംസാർ അദ്ദേഹത്തിന്റെ ക്ലാസിനിടയിൽ പലപ്പോഴായി വിപ്ലവത്തെകുറിച്ച് സംസാരിക്കുമായിരുന്നു. ഒരിക്കൽഅദ്ദേഹം അർജന്റീനയെ കുറിച്ചും " ചെ " യെകുറിച്ചും അദ്ദേഹത്തിന്റെ മോട്ടോർ സൈക്കിളിൾ  യാത്രയെ കുറിച്ചും അദ്ദേഹം വാതോരാതെ സംസാരിച്ചു . അന്ന് ഞാൻ ക്ലാസ്സിലിരുന്ന്  ഓർത്തത് കുഞ്ഞിമോൻ ഹാജിയെകുറിച്ചും അദ്ദേഹത്തിന്റെ മോട്ടോർ സൈക്കളിനെ കുറിച്ചുമായിരുന്നു.

കാലം കുറേക്കൂടി മുന്നോട്ടു പോയപ്പോൾ എനിക്ക് മനസിലായി ഇമ്പാറക്ക് കുഞ്ഞിമോൻഹാജി കമ്മ്യൂണിസ്റ്റ്ല്ല, ഒരു തികഞ്ഞ കോൺഗ്രസ്സ് കാരനാണെന്ന്.മാത്രമല്ല ചാവക്കാടിന്റെ അന്നത്തെ പ്രതാപത്തിലെ സാമൂഹിക സംഘർഷങ്ങളിൽ  നിരന്തരം ഇടപെടുന്ന പൗരമുഖ്യനാണെന്നും.

പിന്നീട് ഏതൊരു ചാവക്കാട്ടുകാരനെ പോലെയും എനിക്കും അദ്ദേഹത്തെ കൂടുതൽ അറിയാൻ കഴിഞ്ഞത്,  സമകാലിക രാഷ്ട്രീയത്തിലും സാംസ്കാരിക പ്രവർത്തനത്തിലും തന്റേതായ നിലപാടുകൾ അടയാളപ്പെടുത്തുന്ന ഒരു രാഷ്ട്രിയക്കാരനായുമാണ് .അതുപോലെ കടുത്ത  യാഥാസ്ഥിക ചിന്തകളെ വെടിഞ്ഞു മതത്തെ സാമൂഹികമായി ഉയർത്തി അതിന്റെ മൂല്യത്തിന് പ്രാധാന്യം നൽികിയ ചാവക്കാടിന്റെ സംഘാടകരിൽ ഒരാളുമായാണ്...

രാഷ്ട്രീയ, മത,സാമൂഹികമേഖലയിൽ ഏതെങ്കിലും രീതിയിലുള്ള സംഘട്ടനമുണ്ടാകുമ്പോൾ എന്നും മധ്യസ്ഥവഹിച്ചു പ്രശ്നങ്ങളെ ലഘൂകരിക്കാൻ അദ്ദേഹം നടത്തിയിരുന്ന പങ്ക് ചെറുതല്ലായിരുന്നു.

ചാവക്കാടിന്റെ സാംസ്കാരിക, രാഷ്ട്രീയ ഇടപെടലുകളിൽ കേന്ദ്രീകൃതമായ പൊതുബോധനിർമിതിയെ പൊളിച്ച് സാധാരണകാരന്റെ വേദനകളെയും, നിസ്സഹായതകളെയും അനുഭവങ്ങളുടെ വെളിച്ചത്തിൽ നിർമ്മിച്ചെടുക്കാൻ പത്രാധിപർ, റിപ്പോർട്ടർ എന്നനിലയിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ചാവക്കാട്ടെ പ്രസ്സ്ക്ലബ്ബ് അതിന് ഏറ്റവും നല്ല  ഉദാഹരണമാണ്. 

കാലത്തിന്റെ  ഒഴുക്കിൽ ഞാനും ഒരു പ്രവാസിയായി ,ഒരിക്കൽ ദി മോട്ടോർസൈക്കിൾ  ഡയറി എന്ന ചെ യുടെ സിനിമ കണ്ടപ്പോൾ വീണ്ടും എന്റെ  വിദ്യാർത്ഥി ജീവിതവും ഒപ്പം ഇമ്പാറക്ക്  കുഞ്ഞിമോൻ ഹാജിയെയും ഓർമ്മ വന്നു ,നേരിട്ടുകാണണമെന്നും , ചാവക്കാടിന്റെ പഴയകാല ചരിത്രം അദ്ദേഹത്തിൽ  നിന്ന്  നേരിട്ട് കേട്ട് പഠിക്കണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു ,കാലം എനിക്കുവേണ്ടി കാത്തുനിന്നില്ല. അദ്ദേഹം നമ്മോടു എന്നന്നേക്കുമായി വിടപറഞ്ഞു. അദ്ദേഹത്തിന്റെ വിലപ്പെട്ട സാമൂഹിക സാംസ്‌കാരിക പ്രവർത്തങ്ങൾ ചാവക്കാടിന്റെ ചരിത്ര പുസ്തകങ്ങളിൽ എന്നും മായാതെ നിൽക്കട്ടെ. പുതിയ ജനസമൂഹത്തിന് പുനർവായനക്കായി.....

അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമ്മകൾക്ക്‌ മുന്നിൽ ഒരുപിടി രക്തപുഷ്പ്പങ്ങൾ സമർപ്പിച്ചുകൊണ്ട്..

ബോസ്‌ കുഞ്ചേരി



Share:

Tuesday, October 2, 2018

പറഞ്ഞാല്‍ തീരാത്ത ചരിത്ര വിശേഷം.

പടിയിറങ്ങിയ ഇമ്പാര്‍‌ക്ക്‌ കുഞ്ഞു മോന്‍ ഹാജി അഥവാ പറഞ്ഞാല്‍ തീരാത്ത ചരിത്ര വിശേഷം...

ഇനിയില്ല, ആ  സ്നേഹ നിർഭരസാമീപ്യം... നാട്ടറിവിന്റെയും  തലമുറകളുടെ അകലങ്ങളില്ലാതെ കുടുംബ ബന്ധങ്ങളേയും  സമൂഹത്തേയും നെഞ്ചോട് ചേർത്ത കർമ്മ ഭടന് നാടും കുടുംബവും കണ്ണീരോടെ  വിട പറഞ്ഞിട്ട് നാൽപ്പത് നാളുകൾ തികയുന്നു...

അദ്ദേഹത്തിന്റെ വിയോഗത്തോടെ  ചാവക്കാട്ടുകാർക്ക്  നഷ്ടപ്പെട്ടത്  നാടിന്റെ  സമ്പൂർണ്ണ ചരിത്രവും അതിന്റെ നാൾവഴികളും അറിയുന്ന വിജ്ഞാനിയെയാണ്. സാംസ്കാരിക സാമൂഹിക രംഗത്തും സജീവമായിരുന്ന നാളുകളിൽ ചാവക്കാട്  മേഖലയിൽ നിറസാന്നിധ്യമായിരുന്നു കുഞ്ഞിമോന്‍‌ക്ക.

മുൻകാല പത്രപ്രവർത്തകനും ചാവക്കാട് പ്രസ്  ക്ലബ്ബിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു അദ്ദേഹം.ഏറെ കാലം ചാവക്കാട് ഫർക്ക ടാക്സി യൂണിയൻ പ്രസിഡന്റും ഉപദേഷ്ടാവും ആയിരുന്നു .മുൻകാല ബ്ലോക്ക്‌ കോൺഗ്രസ്‌ ട്രഷററും ചാവക്കാട് എം.എസ്.എസ്സിന്റെ  പ്രസിഡന്റും ഏറെ കാലം മുതുവട്ടൂർ മഹല്ല് വൈസ് പ്രസിഡന്റും ഓവുങ്ങൽ  പള്ളി മദ്രസ്സ പ്രവര്‍‌ത്തക സമിതിയില്‍ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ചരിത്ര കാലത്ത് തന്നെ താലൂക്ക് ആസ്ഥാനമായി മാറുന്നതിന് മുമ്പ്‌ ചാവക്കാട് കോടതികളും പോലീസും ഉണ്ടായിരുന്നെങ്കിലും ജനങ്ങളുടെ വിവിധ പ്രശ്നങ്ങളിൽ നീതിബോധത്തോടെ മധ്യസ്ഥനും മജിസ്‌ട്രേറ്റിനു തുല്യമായും പ്രവർത്തിച്ചിരുന്ന ഒരു നാട്ടു മൂപ്പന്റെ മൂത്ത പുത്രന്‍. 

കൊമ്പന്‍ മീശക്കാരനായ ഇമ്പാറക് ബാപ്പുട്ടി എന്ന കുപ്പായം ധരിക്കാത്ത ആഢ്യന്റെ മകന്‍. മേൽമുണ്ട് മാത്രം തോളിലിട്ട് അരയിൽ ആയുധവും തിരുകി വീര ശൂര ഭാവത്തിലുള്ള നാടുവാഴിയുടെ  പിന്‍‌ഗാമി.മഹിതമായ പാരമ്പര്യവും പ്രമാണിത്തവും ഒത്തിണങ്ങിയ നായകന്മാരായ പിതാ മഹാന്മാരുടെ  തിളക്കമാര്‍‌ന്ന കണ്ണിയിലെ  അരോഗ ദൃഡ ഗാത്രനായ  പുത്രന്‍ .ഹാജി കുഞ്ഞുമോന്‍ ബാപ്പുട്ടി ഇമ്പാറക്‌.പിന്നീട് കൃഷിയിലും പൊതുപ്രവർത്തന മേഖലയിലും മുഴുകിയിരുന്ന അദ്ദേഹം ഒഴിവ് സമയങ്ങളിൽ അയോധന മുറകളുടെ പരിശീലനത്തിനും ശീക്ഷണത്തിനും നീക്കിവെച്ചിരുന്നു.

അഭ്യാസമുറകളിലും മർമ്മപ്രയോഗങ്ങളിലും പ്രഗത്ഭനായിരുന്നു.ദൂര ദേശങ്ങളിൽ നിന്നുള്ള പ്രഗത്ഭരും പ്രസിദ്ധരുമായ അഭ്യാസികളുമായും അയോധന മുറകളുടെ വിവിധ വശങ്ങള്‍ പരസ്‌പരം ചര്‍‌‌ച്ച ചെയ്യുകയും അവസരോചിതം വേദികള്‍ പങ്കിടുകയും ചെയ്യുമായിരുന്നു.

സ്വത സിദ്ധമായ ചിരിയുടെ അകമ്പടിയോടെ ഹാജി  വിട്ടേച്ചു പോയ ഓർമ്മകളുടെ ഹൃദയഹാരിയായ പീലിത്തണ്ടുകള്‍ തൊട്ടു തലോടി സമാശ്വസിക്കാന്‍ ശ്രമിക്കാം.പ്രാര്‍‌ഥനകളോടെ..
Share:

Thursday, September 13, 2018

പ്രൗഢമായ ഓര്‍‌മ്മകള്‍

എഴുപതുകളുടെ പ്രാരം‌ഭത്തില്‍ ഇമ്പാറക് തറവാട്ടിലുണ്ടായിരുന്ന മോറിസ് കാർ.വളരെ ചുരുക്കം പേര്‍ മാത്രമേ അന്നൊക്കെ വാഹനങ്ങള്‍ സ്വന്തമാക്കിയിരുന്നുള്ളൂ.ആകര്‍‌ഷകമായ പഴയ കാല വാഹനങ്ങള്‍ അപൂര്‍‌വ്വം എന്നു പോലും പറയാനാകാത്തത്ര പരിമിതം.ഇമ്പാറക്‌ കുടും‌ബത്തിലെ മോറിസ് വാഹനമായിരുന്നു 'ധിം തരികിട തോം' എന്ന സിനിമയിൽ അക്കാലത്ത് ഉപയോഗപ്പെടുത്തിയത്.കൃത്യമായി പറഞ്ഞാല്‍ 1968 മുതൽ മോറിസ്‌ വീട്ടിൽ ഉണ്ടായിരുന്നു.

അക്കാലത്തെ പ്രമുഖര്‍ ഉപയോഗിച്ചു പോന്ന ഡോഡ്‌ജും, ഷവർലെയ്‌റ്റും, പ്ലിമൊത്തും,ഹിൽമനും, ഹിന്ദുസ്‌ഥാനും, ലാൻഡ്‌ മാസ്റ്ററും, സൈഡ് വാൽവ് അംബാസിഡര്‍ തുടങ്ങിയ വാഹന പരമ്പരകള്‍ പ്രൗഢമായ ഓര്‍‌മ്മകളാണ്‌. പ്രൗഢ ഗം‌ഭീരങ്ങളായ വാഹന വ്യുഹങ്ങള്‍ പോലെ കേസരികളായ വളര്‍‌ത്ത്‌ നായ്‌ക്കളും ഉണ്ടായിരുന്നു.പോമറേനിയന്‍ പോലുള്ള നായ്‌ക്കള്‍ നാട്ടുകാര്‍‌ക്ക്‌ വലിയ കൗതുക കാഴ്‌ച തന്നെയായിരുന്നു.ഹാജിയുടെ പിതാവ്‌ ഇമ്പാറക് ബാപ്പുട്ടിയും  വലിയ  നായക്കമ്പക്കാരായിരുന്നു.നായ്‌ക്കള്‍ക്ക്‌ പ്രത്യേക ഭക്ഷണ ശേഖരം തന്നെ ഉണ്ടായിരുന്നു.അതിനുള്ള പരിചാരകരും പരിശ്രമക്കാരും. ഡോബർമാൻ,ലാബ്രഡോര്‍,ഡാൽമേഷ്യന്‍,ഗ്രേറ്റ് ഡെയിൻ തുടങ്ങിയ പട്ടികളിലെ പട്ടികകള്‍ ചാവക്കാട്ടുകാര്‍ പരിചയപ്പെടുന്നത് ഇമ്പാറക്‌ കുടും‌ബത്തിലൂടെയായിരുന്നെന്നു പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല.

ഡോബർമാൻ ജനുസ്സ് അവയുടെ ധൈര്യത്തിനും ബുദ്ധിശക്തിക്കും വിശ്വസ്തതക്കും പേരുകേട്ടവയാണ്. കാവലിനും പൊലീസ് നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചു പോരുന്നു.

ലാബ്രഡോര്‍ ജന്മംകൊണ്ട്‌ ന്യൂഫൗണ്ട്‌ ലാന്റു കാരന്‍.നീന്തുവാനുള്ള കഴിവ്‌ ഉള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ക്കും നാവികര്‍ക്കും പ്രിയപ്പെട്ടവന്‍.പരിശീലനം നല്‍കിയാല്‍ നായാട്ടിനും ബോംബ്‌ സ്ക്വാഡിലും ഒക്കെ നന്നായി ശോഭിക്കുവാന്‍ കഴിവുള്ള വര്‍‌ഗം.ആളുകളുമായി എളുപ്പത്തില്‍ സൗഹൃദം കൂടുന്നതിനാല്‍ കാവലിനു മറ്റു ജനസ്സുകളെ അപേക്ഷിച്ച്‌ അത്ര നല്ലതല്ല.എങ്കിലും കുട്ടികളുമായും മറ്റും വളരെവേഗം ഇണങ്ങുന്ന സൗമ്യ പ്രകൃതക്കാരനാണ്‌ ലാബ്രഡോര്‍.

ഡാൽമേഷ്യന്‍.പരസ്യത്തിൽ മുതൽ പൊലീസ് സേനയിൽ വരെ താരമാണ്‌.ഈ ജന പ്രിയ ഇനം. 

ഗ്രേറ്റ് ഡെയിൻ.അനുസരണ ശീലനായ ഒന്നാന്തരം.ശരിക്കും ഗ്രേറ്റ്.

 
 
 
 
 
 
 

 





Share:

Tuesday, September 11, 2018

സന്ദര്‍‌ശനം

മണത്തല ജുമാ‌മസ്‌ജിദ് ഖബര്‍സ്ഥാനില്‍ ഹാജിയുടെ ഖബറിടം പ്രഭാതത്തിലും പ്രദോഷത്തിലും മക്കള്‍ സന്ദര്‍‌ശിക്കാറുണ്ട്‌.കഴിഞ്ഞ ദിവസം മഹല്ല് ഖത്തീബും കുടുംബ സുഹൃത്തുമായ സുലൈമാൻ അസ്ഹരിയും മക്കളുടെ കൂടെ ഉണ്ടായിരുന്നു.ജീവിത കാലത്ത് വിശേഷിച്ച് രോഗ ബാധിതനായി അധിക സമയവും വീട്ടു വരാന്തയില്‍ തന്നെ കഴിച്ചു കൂട്ടിയിരുന്ന കാലത്ത് കുഞ്ഞുമോന്‍ ഹാജിയെ കൂടെ കൂടെ സന്ദര്‍‌ശിച്ചിരുന്ന വ്യക്തിത്വം കൂടെയാണ്‌ സുലൈമാന്‍ അസ്‌ഹരി.പ്രാർത്ഥനകൾ സീകരിക്കുമാറാകട്ടെ.
Share:

Friday, September 7, 2018

നാട്ടുകാരണവര്‍

ഹാജി കുഞ്ഞുമോന്‍ ഇമ്പാറകിന്റെ സ്ഥിര സന്ദര്‍‌ശകനായിരുന്നു മുതുവട്ടൂര്‍ ഖത്വീബ്‌ സുലൈമാന്‍ അസ്‌ഹരി.വാരാന്ത്യങ്ങളില്‍ ചാവക്കാട്‌ ഖുര്‍‌ആന്‍ സ്‌റ്റഡി സെന്ററില്‍ നിന്നും നേരെ പോകുന്നത് തറവാട്ട്‌ വരാന്തയിലേയ്‌ക്കായിരിയ്‌ക്കും.അസ്‌ഹരി പറഞ്ഞു തുടങ്ങി.

ഒരുമിച്ച്‌ പ്രാതല്‍ കഴിച്ച്‌ നാട്ടു വര്‍‌ത്തമാനങ്ങള്‍ പങ്കുവെയ്‌ക്കും.കലയും കളിയും സാഹിത്യവും സം‌സ്‌കാരവും വിശ്വാസവും നിഷേധവും ആരോഗ്യവും എന്നല്ല അന്താരാഷ്‌ട്ര കാര്യങ്ങളും വര്‍‌ത്തമാനകാല പ്രവണതകളും സം‌ഭാഷണത്തിലെ വിഷയമാകും.പഴങ്കഥകളിലെയും പഴമൊഴിയിലെയും അകപ്പൊരുളും നാട്ടറിവുകളും ഈ ആരോഗ്യ പ്രേമി കൃത്യമായും വ്യക്തമായും പറയും. 

നാട്ടുകാര്യങ്ങളില്‍ ഇടപെടുക എന്നത്‌ ഒരു പാരമ്പര്യമായി ലഭിച്ച നിയോഗം പോലെയാണ്‌ ഹാജി കാണുന്നത്.വാദിയും പ്രതിയും കയറി വരുന്നത് ഒരേ ചാരു കസേരയ്‌ക്ക്‌ ചുറ്റും തന്നെ.പലപ്പോഴും രണ്ടു കൂട്ടരും ഒരേ സമയം കയറിവന്ന ചരിത്രവും പരാതിപറയാതെ പിരിഞ്ഞു പോയ കഥയും കുഞ്ഞുമോന്‍ ഹാജിയുടെ ജീവിത ചരിത്രത്തില്‍ ഉണ്ട്‌.പരാതിയുടെ കെട്ടഴിക്കും മുമ്പ്‌ ഇരു കൂട്ടര്‍‌ക്കും ബോധ്യമുള്ളതും അവരെ പരസ്‌പരം അടുപ്പിക്കുന്നതുമായ ഒരു സം‌ഭവം വിവരിച്ചു കൊണ്ട്‌ കുഞ്ഞുമോന്‍‌ക്ക ചിലത് ഓര്‍‌മ്മപ്പെടുത്തിയതോടെ വന്നവര്‍ പരസ്‌പരം ആലി‌ഗനം ചെയ്‌തു സന്തോഷത്തോടെ പിരിഞ്ഞു പോയ കഥയും ഓര്‍‌മ്മയുടെ ശേഖരത്തില്‍ നിന്നും പൊടിതട്ടി എടുക്കാറുണ്ട്‌..

ഗോക്കളുടെ താഴെ നിരയില്‍ മാത്രമേ പല്ലുകളുണ്ടാകുകയുള്ളൂ എന്ന പരമാര്‍‌ഥം ഒരിക്കല്‍ അദ്ദേഹം പങ്കുവെച്ചപ്പോള്‍ എനിക്കുണ്ടായ അത്ഭുതം പറഞ്ഞറിയിക്കാനാകുകയില്ല.സം‌ശയ നിവാരണം നടത്തിക്കൊള്ളാനും കുട്ടത്തില്‍ ഉപദേശിച്ചിരുന്നു.സരസമായും സമര്‍‌ഥമായും കളിയും കാര്യവും പങ്കുവെക്കുന്ന സൗമ്യ ശീലനായ കൊമ്പന്‍ മീശക്കാരന്‍ നാട്ടറിവുകളുടെ വലിയ ശേഖരമായിരുന്നു എന്നതായിരിക്കണം ശരി. 

വെള്ളിയാഴ്‌ചകളില്‍ ഓടിക്കിതച്ച്‌ പള്ളിയില്‍ വരുന്ന പ്രകൃതമല്ല.മറിച്ച്‌ ഖുതുബ തുടങ്ങുന്നതിനു മുമ്പ്‌ തന്റെ ഇരിപ്പിടം കണ്ടെത്തുന്നതില്‍ കണിശത പുലര്‍ത്തിയിരുന്നു.വാര്‍‌ദ്ധക്യ സഹജമായ പ്രയാസം നേരിട്ടപ്പോള്‍ പരസഹായം വേണ്ടി വന്നപ്പോഴും നേരത്തെ തന്നെ തന്റെ ഇരിപ്പിടത്തില്‍ എത്തിക്കുന്നതില്‍ കുഞ്ഞുമോന്‍ ഹാജിയുടെ മക്കളും സൂക്ഷ്‌മത പുലര്‍‌ത്തിയിരുന്നു.എഴുന്നേറ്റിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്‌ വീട്ട്‌ വരാന്തയിലെ ചാരുകസേരയിലും പിന്നീട്‌ രോഗ ശയ്യയിലും ഈ അതികായന്‍ പരിമിതപ്പെട്ടത്.

ഹാജിയുമായുള്ള സം‌ഭാഷണങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന വിവരങ്ങളും വിജ്ഞാനങ്ങളുമാണ്‌ പലപ്പോഴും വെള്ളിയാഴ്‌ച ഖുതുബകളെ സമ്പന്നമാക്കാറുള്ളതെന്നും അസ്‌ഹരി പങ്കുവെച്ചു.

മതിലും പടിയും പത്രാസുകളുമില്ലാത്ത ചാവക്കാട്‌ പ്രാന്ത പ്രദേശത്തെ പ്രസിദ്ധമായ വീട്‌.പടിയടക്കാത്ത വീട്ടു മുറ്റത്തെ പ്രകടന പരതയില്ലാത്ത നായകന്‍. ഇവിടെ ആര്‍‌ക്ക്‌ വേണമെങ്കിലും എപ്പോഴും കയറിചെല്ലാം.ഏതു പരാതിയും പരിഭവവും പങ്കുവെയ്‌ക്കാം.പരിഹാരമുണ്ടാകുമെന്ന പൂര്‍‌ണ്ണമായ ബോധ്യത്തോടെ തിരിച്ചു പോരാം.പച്ചയായ ജീവിത യാഥാര്‍‌ഥ്യങ്ങളെ മുഖാ മുഖം കണ്ട ആ പച്ച മനുഷ്യന്‍ ഓര്‍‌മ്മയായിരിക്കുന്നു.അനുഗ്രഹീതമായ ശാദ്വല തീരത്തേയ്‌ക്ക്‌ പറന്നു പോയിരിക്കുന്നു.ആ രാജ പക്ഷി പൊഴിച്ചിട്ട സ്വര്‍‌ണ്ണത്തൂവലുകളില്‍ മെല്ലെ തൊട്ടുഴിഞ്ഞ്‌ ഗൃഹാതുരത്വമുണര്‍‌ത്തുന്ന നല്ല നാളുകളെ മനസ്സില്‍ താലോലിക്കാം.
Share:

Monday, September 3, 2018

റാന്തല്‍ വെളിച്ചം

നമ്മൾ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദ കൂട്ട് ചാവക്കാട്ട് കാർക്കുവേണ്ടി നിർമിച്ചു നൽകിയ  കച്ചേരിത്തറ  കിണറിനു ഒരു പുതിയ വെട്ടം.ഇമ്പാറക് കുഞ്ഞിമോൻ ഹാജിയുടെ പുരാവസ്തു ശേഖരത്തിൽ നിന്നും ഒരു റാന്തൽ വിളക്കിന്റെ പ്രകാശം.
Share:

വ്യക്തി പ്രഭാവം

ജാതി മത ഭേതമന്യേ എല്ലാ വരുമായും വലിയ സുഹൃബന്ധം വെച്ച് പുലർത്തിയിരുന്ന ഒരു പ്രത്യേക വ്യക്തിത്വമായിരുന്നു ഹാജി കുഞ്ഞുമോന്‍. പഴയ കാലങ്ങളില്‍ ശിവ ക്ഷേത്രത്തിലെ ഉത്സവ മേളം മണത്തല പള്ളിയുടെ മുന്നിലൂടെ കടന്നു പോകുമ്പോൾ വലിയ വർഗീയ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് അതിന്റെ മധ്യസ്ഥത ശ്രമങ്ങളിലും നിർണായക പങ്കു വഹിച്ചിട്ടുണ്ട്‌.അന്നൊക്കെ കളക്ടർ വിളിക്കുന്ന സർവ കക്ഷി യോഗങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ശ്രീ ഇമ്പാറക് കുഞ്ഞിമോൻ ഹാജി. 

എത്ര വലിയ പ്രശ്‌നങ്ങളും വളരെ നിസ്സാരമായി കൈകാര്യം ചെയ്യുവാൻ വലിയ കഴിവുള്ള വ്യക്തി പ്രഭാവം. 

മാറി വരുന്ന നിയമപാലക മേധാവികളുമായി പ്രത്യേക ബന്ധം പുലർത്തിയിരുന്നു. നിരവധി സാമൂഹിക സാംസ്‌കാരിക കാര്യങ്ങളിൽ നിരന്തരം സജീവമായിരുന്ന ഹാജി യുടെ സൗഹൃദ വലയം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യാപകം.രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ ചെറുതും വലുതുമായ എല്ലാവരുമായും നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്നു..
Share:

Thursday, August 30, 2018

കോണ്‍‌ഗ്രസ്സ്‌ അനുശോചനം

ചാവക്കാട്‌: ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റിയുടെ മുൻ ട്രഷററും,ചാവക്കാട്ടെ പൗരപ്രമുഖനുമായ ഇമ്പാറക് കുഞ്ഞിമോൻ ഹാജിയുടെ നിര്യാണത്തിൽ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ.വി ഷാനവാസ്‌ അധ്യക്ഷത വഹിച്ചു.യു.ഡി.എഫ് കൺവീനർ കെ.നവാസ്,പ്രതിപക്ഷ നേതാവ് കെ.കെ കാർത്യായനി ടീച്ചർ,ബ്ലോക്ക്‌ കോൺഗ്രസ്സ് ഭാരവാഹികളായ പി.വി ബദറുദ്ധീൻ,അക്ബർ കോനെത്ത്‌, കെ.എം ഷിഹാബ്,സി ബക്കർ, ആർ.കെ നൗഷാദ്, എം.ബി സുധീർ,ടി.എച് റഹീം,ഷോബി ഫ്രാൻസിസ്,മുൻസിപ്പൽ കൗൺസിലർമാരായ കെ.എസ്സ് ബാബുരാജ്,പി.വി പീറ്റർ,പി.എം നാസർ, സൈസണ്‍ മാറോക്കി,ഷാഹിത മുഹമ്മദ്‌, ഹിമ മനോജ്‌, കെ.എച് ഷാഹുൽ ഹമീദ്, എച്.എം നൗഫൽ, എം.എസ്സ് ശിവദാസ്, സി.കെ മുബാറക്, സി.എ സഗീർ,ഹക്കീം ഇമ്പാര്‍‌ക്‌,നിഷാദ് തെക്കഞ്ചേരി എന്നിവർ സംസാരിച്ചു.
Share:

Tuesday, August 28, 2018

അനുശോചനം

ചാവക്കാട്: പ്രസ് ഫോറം സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളും മാധ്യമം പത്രത്തിന്റെ മുന്‍ റിപ്പോര്‍ട്ടറുമായിരുന്ന കുഞ്ഞിമോന്‍ ഇമ്പാറകിന്റെ നിര്യാണത്തില്‍ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

ചാവക്കാട് പൗരാവലി ആശുപത്രിറോഡ് പരിസരത്ത് സംഘടിപ്പിച്ച അനുശോചന യോഗം കെ.വി അബ്‌ദുൽഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. എം.എസ്.എസ് മുൻ യൂണിറ്റ് പ്രസിഡന്റ്, മുതുവട്ടൂർ മഹല്ല് വൈസ്‌ പ്രസിഡണ്ട്‌ തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ചാവക്കാട് പ്രസ്‌ഫോറം അനുശോചന യോഗത്തിൽ പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ എം ബാബു, അംഗങ്ങളായ കെ ടി വിന്‍സന്റ്, ടി ബി ജയപ്രകാശ്, അലിക്കുട്ടി ഒരുമനയൂര്‍, ഖാസിം സെയ്‌തു, ക്‌ളീറ്റസ് ചുങ്കത്ത്, ജോഫി ചൊവ്വനൂര്‍, എം.വി ഷക്കീല്‍, മുനീഷ് പാവറട്ടി, ശിവജി നാരായണന്‍, എന്നിവര്‍ സംബന്ധിച്ചു. എം.എസ്. എസ് ചാവക്കാട് താലൂക്ക് കമ്മിറ്റി അനുശോചന യോഗത്തിൽ ജില്ലാ പ്രസിഡന്റ് നിസ്സാമുദ്ദീൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി നൗഷാദ് തെക്കുംപുറം അനുശോചന പ്രമേയം അവതരിപ്പിച്ചു.

ആർ.പി.റഷീദ് മാസ്റ്റർ, അഡ്വ.കെ.എസ്.എ. ബഷീർ, ഷംസു ഷിംന, എം.പി ബഷീർ, എ.കെ അബ്‌ദുറഹിമാൻ, മുഹമ്മദ് അഷ്റഫ് ചാവക്കാട് എന്നിവർ സംസാരിച്ചു.
Share:

Manjiyil

Manjiyil
Manjiyil

Imbark Baputty

Imbark Baputty

Popular Posts

Contact

Name

Email *

Message *

Copyright © Haji Kunjimon Imbark | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com