എല്ലാ ആത്മാവും രുചിക്കതെ പോകാത്ത കാര്യത്തെ കുറിച്ചുള്ള വേപഥു കൊള്ളുന്ന ചിന്ത മാത്രം ധാരാളം മതിയാകുമത്രെ;ദുരഭിമാനിയായ മനുഷ്യന്‍ സംസ്‌കരിക്കപ്പെടാന്‍.ദൈവം അനുഗ്രഹിക്കുമാറാകട്ടെ."...

Saturday, August 26, 2023

ഓര്‍‌മ്മയിലെ ഹാജി

വളരെ വർഷങ്ങൾക്കു മുമ്പ് ചാവക്കാടിന്റെ ചരിത്രം തേടിയുള്ള യാത്രയിലാണ് ഞാൻ ഇമ്പാർക്ക് കുഞ്ഞുമോൻ ഹാജിയെ പരിചയപ്പെടുന്നത്.പിന്നീട് അദ്ദേഹത്തിന്റെ വീട്ടിൽ നിത്യ സന്ദർശകനായി.എനിക്ക് ആവശ്യമുള്ള വിവരങ്ങൾ എല്ലാം അദ്ദേഹം മരിക്കും വരെ പകർന്നു നൽകി.ആ അറിവുകൾ വളരെ വിലപ്പെട്ടതായിരുന്നു.ഇന്ന് ചാവക്കാടിന്റെ ചരിത്രങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകാനുള്ള അറിവ് എനിക്കായി പകർന്നു തന്നത് കുഞ്ഞുമോൻ ഹാജിയായിരുന്നു. 

ഹാസ്യ രൂപേനെയും ഗൗരവത്തോടെയും ദേഷ്യത്തോടെയും പകർന്നു നൽകിയ അറിവുകൾ എക്കാലത്തും, അദ്ദേഹത്തിൻറെ കാലശേഷവും എന്നിലൂടെയും മറ്റ് പലരിലൂടെയും നിലനിൽക്കുമെന്ന് കരുതുന്നു.കളരി അഭ്യാസത്തെ പറ്റിയും അതിൻറെ മുറകളെ പറ്റിയും അദ്ദേഹത്തിൻറെ ജ്ഞാനം വന്നേരി നാട് എന്ന ഗ്രന്ഥത്തിൽ നിരവധി പേജുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇമ്പാർക്ക് കുഞ്ഞിമോൻ ഹാജി  ചാവക്കാടിന്റെ ചരിത്രവും നാൾവഴിയും അറിയുന്ന വിജ്ഞാനി വിടപറഞ്ഞിട്ട് അഞ്ചു വർഷം പിന്നിടുന്നു. 

ചാവക്കാട് ഇമ്പാർക്ക് കുഞ്ഞിമോൻ ഹാജി എന്ന ഹാജി കുഞ്ഞി മുഹമ്മദ് സാഹിബിലൂടെ ചാവക്കാടിന് നഷ്ടമായത് നാടിന്റെ സമ്പൂർണ്ണ  ചരിത്രവും അതിന്റെ നാൾവഴികളും അറിയുന്ന വിജ്ഞാനിയെയാണ്.രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്ത് സജീവമായിരുന്ന നാളുകളിൽ ചാവക്കാട് മേഖലയിൽ നിറഞ്ഞു നിന്ന സാന്നിധ്യമായി രുന്നു ഇമ്പാർക്ക്  ഹാജി കുഞ്ഞി മുഹമ്മദ് സാഹിബ്. 

വലിയ കൊമ്പൻ മീശയും മാച്ച്ലസ്സ് ലണ്ടൻ മോട്ടോർ സൈക്കിളുമായി പ്രത്യക്ഷപ്പെടുന്ന ആജാനുബാഹു ആയ അദ്ദേഹത്തിന്റെ സാന്നിധ്യം ചാവക്കാട്ടെ ജനങ്ങള്ക്ക് വളരെയേറെ പ്രത്യേകതയുണ്ടാക്കിയിരുന്നു.

ബ്രിട്ടീഷ് ഭരണ കാലത്ത്, ചാവക്കാട് താലൂക്ക് ആസ്ഥാനമായി മാറുന്നതിനു മുമ്പേ ഒരു വിളിപ്പാടകലെ ചാവക്കാട്ട് കോടിതികളുണ്ടായിരുന്നുവെങ്കിലും നാട്ടുകാരുടെ പ്രശ്നങ്ങളിൽ നീതി ബോധത്തോടെ  കാര്യങ്ങൾ കണ്ടിരുന്ന മധ്യസ്ഥനും മജിസ്ട്രേറ്റിന് തുല്യമായ പ്രവർത്തനങ്ങളും നടത്തിവന്നിരുന്ന ആളാണ് ഹാജി കുഞ്ഞി മുഹമ്മത് സാഹിബിൻ്റെ പിതാവ് ഇമ്പാർക്ക് ബാപ്പുട്ടി.  

പിൽക്കാലത്ത് അദ്ദേഹത്തിന്റെ പുത്രൻ ഇമ്പാർക്ക്  കുഞ്ഞിമോൻ ഹാജി പിതാവിന്റെ  പിൻഗാമിയായി. ചാവക്കാട് ദേശത്തെ നാട്ട് കാരണവരായി. ആളും അർത്ഥവും ന്യായമായ വിധിയും തേടി വരുന്നവർക്ക് ഒരു അത്താണിയായിരുന്നു അദ്ദേഹം.നാടും നഗരവും മാത്രമല്ല അയൽ നാട്ടുകാരും  അദ്ദേഹത്തെ തേടി എത്തിയിരുന്നു. അത് ചാവക്കാട് ആശുപ്രതി റോഡിനു സമീപത്തെ വീട്ടിലായിരുന്നു.പിതാവിന്റെ കൊമ്പൻ മീശയെ അതേ പോലെ അനുകരിച്ചു കൊണ്ടാണ് പുത്രൻ കുഞ്ഞി മുഹമ്മദു ഹാജിയും അനന്തരാവകാശിയായത്.

രാഷ്‌ടീയ നേതാക്കളും, മന്ത്രിമാരും, പോലീസ് മേധാവികളും, വിവിധ മേഖലയിലുള്ള പൊതു പ്രവർത്തകരുമായും അഗാധ ബന്ധമുണ്ടായിരുന്നു. ഇവരിൽ പലരും വീട്ടിലെ നിത്യ സന്ദർശകരായിരുന്നു. 

ചാവക്കാട് മേഖലയിൽ ഏറ്റവും തിരക്കുള്ള ചാവക്കാട് കുന്നംകുളം ഗുരുവായൂർ റോഡിനോട് ചേർന്നാണ് പുരയിടം.ഹാജി കുഞ്ഞി മുഹമ്മദിൻ്റെ വീടിനു പടിപ്പുരയോ അടച്ചിട്ട വാതിലുകളോ ഇല്ല.വരാന്തയിൽ തൂങ്ങി കിടക്കുന്ന ഒരു കയറിൽ പിടിച്ചു വലിച്ചാൽ ഒരു വലിയ പിച്ചള മണിയുണ്ട് അത് ശബ്ദ മുണ്ടാക്കിയാൽ ആൾ മുന്നിലുണ്ടാവും.പ്രശ്നങ്ങൾ പറയുവാനും പരിഹരിക്കാനും ആർക്കും എപ്പോഴും ഏതു സമയത്തും കയറിചെല്ലാം.

ഒരു കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ഇദ്ദേഹം ഏറെ ഭൂസ്വത്തിന് ഉടമയായിരുന്നു.മുൻകാല കോൺഗ്രസ്സിലും ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയിലും. മുസ്ലിം സർവീസ് സോസൈറ്റി ജില്ലാ കമ്മിറ്റിയിലും, ചാവക്കാട് ഫർക്ക ടാക്സി തൊഴിലാളി യൂണിയൻ പ്രസിഡൻഡായും, പള്ളി കമ്മിറ്റികളിലും, പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമം ദിനപത്രത്തിൻ്റെ സജീവ പ്രവർത്തകനുമായിരുന്നു. അവസാന കാലഘട്ടങ്ങളിൽ പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെയെല്ലാം തെറ്റുകളും കുറ്റങ്ങളും  ആക്ഷേപ ഹാസ്യത്തിലൂടെ തന്നെ വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 

നാട്ടറിവുകളുടെ ഭണ്ഡാരമായിരുന്നു അദ്ദേഹം. ചരിത്രമായാലും ഭൂമിശാസ്ത്രമായലും പക്ഷിമൃഗാദികളുടെ ശാസത്രമായാലും മറ്റെല്ലാ വിഷയങ്ങളിലും അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമേ തികഞ്ഞ കളരി  അഭ്യാസിയുമായിരുന്നു അദ്ദേഹം. സിലോണിൽ നിന്നും കളരി അഭ്യാസത്തിലെ പ്രത്യേക മുറകളെല്ലാം പഠിച്ചു വന്ന സിലോൺ മുഹമ്മദ് എന്നയാളിൽ നിന്നും കളരി അഭ്യാസങ്ങൾ പഠിച്ചു കുടുംബത്തിലുള്ളവർക്കും സുഹൃത്തുക്കൾക്കും പകർന്നു നൽകി. കളരി അഭ്യാസത്തിന് പുറമേ മർമ്മ ചികിത്സയും അറിയാമായിരുന്നു.

ആദ്യ കാല മോട്ടോർ വാഹന ശേഖരങ്ങളുടെ ഉടമ ആയിരുന്നു അദ്ദേഹം. ഡോഡ്ജ്, ചാവർലെറ്റ്, ഓസ്റ്റീൻ, ഹിൽമൻ, ഹിന്ദുസ്ഥാൻ, ലാൻഡ് മാസ്റ്റർ, അമ്പാസഡർ സൈഡ് വാൽവ്, ഒ.എഛ്.വി, ഫിയറ്റ്, ജീപ്പ് തുടങ്ങിയവയും, ബി. എസ്.എ, നോർട്ടൻ, ട്രാമ്പ്, ബി.എം.ഡബ്ല്യൂ, മാച്ച്ലസ്സ് തുടങ്ങിയ ബൈക്ക്കളും അദ്ദേഹം ഉപയോഗിച്ചിരുന്നു. 

ചാവക്കാടിനെ സംബന്ധിച്ചിടത്തോളം അറിവിൻ്റെ എൻസൈക്ലോപീഡിയ ആയിരുന്നു അദ്ദേഹം. ചാവക്കാടിന്റെ ചരിത്രം തേടുന്നവർക്ക്  ഇമ്പാർക്ക് കുഞ്ഞുമോൻ ഹാജിയുടെ വേർപാട് ഒരു തീരാ നഷ്ടമായി അവശേഷിക്കുന്നു. അദ്ദേഹം വിട പറഞ്ഞെങ്കിലും ഞാനും അദ്ദേഹത്തിൻറെ മക്കളുമായുള്ള സൗഹൃദം ഇന്നും ദൃഢതയോടെ മുന്നോട്ട് പോകുന്നു. 

ഷംസുദ്ദീൻ പുതിയവീട്ടിൽ 

26/08/2023

Share:

Manjiyil

Manjiyil
Manjiyil

Imbark Baputty

Imbark Baputty

Popular Posts

Contact

Name

Email *

Message *

Copyright © Haji Kunjimon Imbark | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com