ഇമ്പാർക്ക് കുഞ്ഞിമോൻ ഹാജിയെ ഓർക്കുമ്പോൾ.
ബോസ് കുഞ്ചേരി
ഞാൻ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ബഹു ഇമ്പാറക്ക് കുഞ്ഞിമോൻ ഹാജിയെ ആദ്യമായി കാണുന്നത്. ചാവക്കാട് നിന്നും കുന്ദംകുളത്തേക്കുള്ള ബസ്സ് യാത്രയിൽ അദ്ദേഹത്തിന്റ വീട്ടുപടിക്കൽ ബസ്സ്നിർത്തുമ്പോൾ എന്നും മോട്ടോർസൈക്കിൾ തുടക്കുന്ന വലിയ മീശക്കാരനായ മനുഷ്യനെ.
അക്കാലത്താണ് ഞാൻ സഖാവ് ചെഗുവേരയുടെ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങുന്നതും, ആ പുസ്തകങ്ങളിൽ ക്യുബൻ വിപ്ലവകാരികളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു, ആ സഖാക്കളുടെ ശരീരഘടനയും മുഖത്തെ ഗൗരവവും കുഞ്ഞിമോൻ ഹാജിക്കുമുണ്ടായിരുന്നു, മാത്രമല്ല അകാലത്ത് ഞങ്ങൾക്ക് ക്ലാസ്സെടുത്തിരുന്ന ശ്യാംസാർ അദ്ദേഹത്തിന്റെ ക്ലാസിനിടയിൽ പലപ്പോഴായി വിപ്ലവത്തെകുറിച്ച് സംസാരിക്കുമായിരുന്നു. ഒരിക്കൽഅദ്ദേഹം അർജന്റീനയെ കുറിച്ചും " ചെ " യെകുറിച്ചും അദ്ദേഹത്തിന്റെ മോട്ടോർ സൈക്കിളിൾ യാത്രയെ കുറിച്ചും അദ്ദേഹം വാതോരാതെ സംസാരിച്ചു . അന്ന് ഞാൻ ക്ലാസ്സിലിരുന്ന് ഓർത്തത് കുഞ്ഞിമോൻ ഹാജിയെകുറിച്ചും അദ്ദേഹത്തിന്റെ മോട്ടോർ സൈക്കളിനെ കുറിച്ചുമായിരുന്നു.
കാലം കുറേക്കൂടി മുന്നോട്ടു പോയപ്പോൾ എനിക്ക് മനസിലായി ഇമ്പാറക്ക് കുഞ്ഞിമോൻഹാജി കമ്മ്യൂണിസ്റ്റ്ല്ല, ഒരു തികഞ്ഞ കോൺഗ്രസ്സ് കാരനാണെന്ന്.മാത്രമല്ല ചാവക്കാടിന്റെ അന്നത്തെ പ്രതാപത്തിലെ സാമൂഹിക സംഘർഷങ്ങളിൽ നിരന്തരം ഇടപെടുന്ന പൗരമുഖ്യനാണെന്നും.
പിന്നീട് ഏതൊരു ചാവക്കാട്ടുകാരനെ പോലെയും എനിക്കും അദ്ദേഹത്തെ കൂടുതൽ അറിയാൻ കഴിഞ്ഞത്, സമകാലിക രാഷ്ട്രീയത്തിലും സാംസ്കാരിക പ്രവർത്തനത്തിലും തന്റേതായ നിലപാടുകൾ അടയാളപ്പെടുത്തുന്ന ഒരു രാഷ്ട്രിയക്കാരനായുമാണ് .അതുപോലെ കടുത്ത യാഥാസ്ഥിക ചിന്തകളെ വെടിഞ്ഞു മതത്തെ സാമൂഹികമായി ഉയർത്തി അതിന്റെ മൂല്യത്തിന് പ്രാധാന്യം നൽികിയ ചാവക്കാടിന്റെ സംഘാടകരിൽ ഒരാളുമായാണ്...
രാഷ്ട്രീയ, മത,സാമൂഹികമേഖലയിൽ ഏതെങ്കിലും രീതിയിലുള്ള സംഘട്ടനമുണ്ടാകുമ്പോൾ എന്നും മധ്യസ്ഥവഹിച്ചു പ്രശ്നങ്ങളെ ലഘൂകരിക്കാൻ അദ്ദേഹം നടത്തിയിരുന്ന പങ്ക് ചെറുതല്ലായിരുന്നു.
ചാവക്കാടിന്റെ സാംസ്കാരിക, രാഷ്ട്രീയ ഇടപെടലുകളിൽ കേന്ദ്രീകൃതമായ പൊതുബോധനിർമിതിയെ പൊളിച്ച് സാധാരണകാരന്റെ വേദനകളെയും, നിസ്സഹായതകളെയും അനുഭവങ്ങളുടെ വെളിച്ചത്തിൽ നിർമ്മിച്ചെടുക്കാൻ പത്രാധിപർ, റിപ്പോർട്ടർ എന്നനിലയിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ചാവക്കാട്ടെ പ്രസ്സ്ക്ലബ്ബ് അതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
കാലത്തിന്റെ ഒഴുക്കിൽ ഞാനും ഒരു പ്രവാസിയായി ,ഒരിക്കൽ ദി മോട്ടോർസൈക്കിൾ ഡയറി എന്ന ചെ യുടെ സിനിമ കണ്ടപ്പോൾ വീണ്ടും എന്റെ വിദ്യാർത്ഥി ജീവിതവും ഒപ്പം ഇമ്പാറക്ക് കുഞ്ഞിമോൻ ഹാജിയെയും ഓർമ്മ വന്നു ,നേരിട്ടുകാണണമെന്നും , ചാവക്കാടിന്റെ പഴയകാല ചരിത്രം അദ്ദേഹത്തിൽ നിന്ന് നേരിട്ട് കേട്ട് പഠിക്കണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു ,കാലം എനിക്കുവേണ്ടി കാത്തുനിന്നില്ല. അദ്ദേഹം നമ്മോടു എന്നന്നേക്കുമായി വിടപറഞ്ഞു. അദ്ദേഹത്തിന്റെ വിലപ്പെട്ട സാമൂഹിക സാംസ്‌കാരിക പ്രവർത്തങ്ങൾ ചാവക്കാടിന്റെ ചരിത്ര പുസ്തകങ്ങളിൽ എന്നും മായാതെ നിൽക്കട്ടെ. പുതിയ ജനസമൂഹത്തിന് പുനർവായനക്കായി.....
അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പ്പങ്ങൾ സമർപ്പിച്ചുകൊണ്ട്..
ബോസ് കുഞ്ചേരി