എല്ലാ ആത്മാവും രുചിക്കതെ പോകാത്ത കാര്യത്തെ കുറിച്ചുള്ള വേപഥു കൊള്ളുന്ന ചിന്ത മാത്രം ധാരാളം മതിയാകുമത്രെ;ദുരഭിമാനിയായ മനുഷ്യന്‍ സംസ്‌കരിക്കപ്പെടാന്‍.ദൈവം അനുഗ്രഹിക്കുമാറാകട്ടെ."...

Friday, September 7, 2018

നാട്ടുകാരണവര്‍

ഹാജി കുഞ്ഞുമോന്‍ ഇമ്പാറകിന്റെ സ്ഥിര സന്ദര്‍‌ശകനായിരുന്നു മുതുവട്ടൂര്‍ ഖത്വീബ്‌ സുലൈമാന്‍ അസ്‌ഹരി.വാരാന്ത്യങ്ങളില്‍ ചാവക്കാട്‌ ഖുര്‍‌ആന്‍ സ്‌റ്റഡി സെന്ററില്‍ നിന്നും നേരെ പോകുന്നത് തറവാട്ട്‌ വരാന്തയിലേയ്‌ക്കായിരിയ്‌ക്കും.അസ്‌ഹരി പറഞ്ഞു തുടങ്ങി.

ഒരുമിച്ച്‌ പ്രാതല്‍ കഴിച്ച്‌ നാട്ടു വര്‍‌ത്തമാനങ്ങള്‍ പങ്കുവെയ്‌ക്കും.കലയും കളിയും സാഹിത്യവും സം‌സ്‌കാരവും വിശ്വാസവും നിഷേധവും ആരോഗ്യവും എന്നല്ല അന്താരാഷ്‌ട്ര കാര്യങ്ങളും വര്‍‌ത്തമാനകാല പ്രവണതകളും സം‌ഭാഷണത്തിലെ വിഷയമാകും.പഴങ്കഥകളിലെയും പഴമൊഴിയിലെയും അകപ്പൊരുളും നാട്ടറിവുകളും ഈ ആരോഗ്യ പ്രേമി കൃത്യമായും വ്യക്തമായും പറയും. 

നാട്ടുകാര്യങ്ങളില്‍ ഇടപെടുക എന്നത്‌ ഒരു പാരമ്പര്യമായി ലഭിച്ച നിയോഗം പോലെയാണ്‌ ഹാജി കാണുന്നത്.വാദിയും പ്രതിയും കയറി വരുന്നത് ഒരേ ചാരു കസേരയ്‌ക്ക്‌ ചുറ്റും തന്നെ.പലപ്പോഴും രണ്ടു കൂട്ടരും ഒരേ സമയം കയറിവന്ന ചരിത്രവും പരാതിപറയാതെ പിരിഞ്ഞു പോയ കഥയും കുഞ്ഞുമോന്‍ ഹാജിയുടെ ജീവിത ചരിത്രത്തില്‍ ഉണ്ട്‌.പരാതിയുടെ കെട്ടഴിക്കും മുമ്പ്‌ ഇരു കൂട്ടര്‍‌ക്കും ബോധ്യമുള്ളതും അവരെ പരസ്‌പരം അടുപ്പിക്കുന്നതുമായ ഒരു സം‌ഭവം വിവരിച്ചു കൊണ്ട്‌ കുഞ്ഞുമോന്‍‌ക്ക ചിലത് ഓര്‍‌മ്മപ്പെടുത്തിയതോടെ വന്നവര്‍ പരസ്‌പരം ആലി‌ഗനം ചെയ്‌തു സന്തോഷത്തോടെ പിരിഞ്ഞു പോയ കഥയും ഓര്‍‌മ്മയുടെ ശേഖരത്തില്‍ നിന്നും പൊടിതട്ടി എടുക്കാറുണ്ട്‌..

ഗോക്കളുടെ താഴെ നിരയില്‍ മാത്രമേ പല്ലുകളുണ്ടാകുകയുള്ളൂ എന്ന പരമാര്‍‌ഥം ഒരിക്കല്‍ അദ്ദേഹം പങ്കുവെച്ചപ്പോള്‍ എനിക്കുണ്ടായ അത്ഭുതം പറഞ്ഞറിയിക്കാനാകുകയില്ല.സം‌ശയ നിവാരണം നടത്തിക്കൊള്ളാനും കുട്ടത്തില്‍ ഉപദേശിച്ചിരുന്നു.സരസമായും സമര്‍‌ഥമായും കളിയും കാര്യവും പങ്കുവെക്കുന്ന സൗമ്യ ശീലനായ കൊമ്പന്‍ മീശക്കാരന്‍ നാട്ടറിവുകളുടെ വലിയ ശേഖരമായിരുന്നു എന്നതായിരിക്കണം ശരി. 

വെള്ളിയാഴ്‌ചകളില്‍ ഓടിക്കിതച്ച്‌ പള്ളിയില്‍ വരുന്ന പ്രകൃതമല്ല.മറിച്ച്‌ ഖുതുബ തുടങ്ങുന്നതിനു മുമ്പ്‌ തന്റെ ഇരിപ്പിടം കണ്ടെത്തുന്നതില്‍ കണിശത പുലര്‍ത്തിയിരുന്നു.വാര്‍‌ദ്ധക്യ സഹജമായ പ്രയാസം നേരിട്ടപ്പോള്‍ പരസഹായം വേണ്ടി വന്നപ്പോഴും നേരത്തെ തന്നെ തന്റെ ഇരിപ്പിടത്തില്‍ എത്തിക്കുന്നതില്‍ കുഞ്ഞുമോന്‍ ഹാജിയുടെ മക്കളും സൂക്ഷ്‌മത പുലര്‍‌ത്തിയിരുന്നു.എഴുന്നേറ്റിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്‌ വീട്ട്‌ വരാന്തയിലെ ചാരുകസേരയിലും പിന്നീട്‌ രോഗ ശയ്യയിലും ഈ അതികായന്‍ പരിമിതപ്പെട്ടത്.

ഹാജിയുമായുള്ള സം‌ഭാഷണങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന വിവരങ്ങളും വിജ്ഞാനങ്ങളുമാണ്‌ പലപ്പോഴും വെള്ളിയാഴ്‌ച ഖുതുബകളെ സമ്പന്നമാക്കാറുള്ളതെന്നും അസ്‌ഹരി പങ്കുവെച്ചു.

മതിലും പടിയും പത്രാസുകളുമില്ലാത്ത ചാവക്കാട്‌ പ്രാന്ത പ്രദേശത്തെ പ്രസിദ്ധമായ വീട്‌.പടിയടക്കാത്ത വീട്ടു മുറ്റത്തെ പ്രകടന പരതയില്ലാത്ത നായകന്‍. ഇവിടെ ആര്‍‌ക്ക്‌ വേണമെങ്കിലും എപ്പോഴും കയറിചെല്ലാം.ഏതു പരാതിയും പരിഭവവും പങ്കുവെയ്‌ക്കാം.പരിഹാരമുണ്ടാകുമെന്ന പൂര്‍‌ണ്ണമായ ബോധ്യത്തോടെ തിരിച്ചു പോരാം.പച്ചയായ ജീവിത യാഥാര്‍‌ഥ്യങ്ങളെ മുഖാ മുഖം കണ്ട ആ പച്ച മനുഷ്യന്‍ ഓര്‍‌മ്മയായിരിക്കുന്നു.അനുഗ്രഹീതമായ ശാദ്വല തീരത്തേയ്‌ക്ക്‌ പറന്നു പോയിരിക്കുന്നു.ആ രാജ പക്ഷി പൊഴിച്ചിട്ട സ്വര്‍‌ണ്ണത്തൂവലുകളില്‍ മെല്ലെ തൊട്ടുഴിഞ്ഞ്‌ ഗൃഹാതുരത്വമുണര്‍‌ത്തുന്ന നല്ല നാളുകളെ മനസ്സില്‍ താലോലിക്കാം.
Share:

Manjiyil

Manjiyil
Manjiyil

Imbark Baputty

Imbark Baputty

Popular Posts

Contact

Name

Email *

Message *

Copyright © Haji Kunjimon Imbark | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com